മുംബൈ:പ്രശസ്ത ബോളിവുഡ് സംഗീത  സംവിധായകന്‍ ബപ്പി ലഹിരി അന്തരിച്ചു. 69 വയസ്സായിരുന്നു. മുംബൈ ആശുപത്രിയിലായിരുന്നു അന്ത്യം.കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ചൊവ്വാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഒന്നിലധികം രോഗങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. അര്‍ദ്ധരാത്രിയ്ക്ക് തൊട്ടുമുന്‍പാണ് മരണം സംഭവിച്ചതെന്ന് ക്രിട്ടികേയര്‍ ആശുപത്രിയിലെ ഡോക്ടര്‍ ദീപക് നാംജോഷി സ്ഥിരീകരിച്ചു.

1970 കളിലും 80കളിലും ഹിന്ദി സിനിമാരംഗത്ത് നിറഞ്ഞുനിന്ന സംഗീത സംവിധായകനും ഗായകനുമായിരുന്നു ബപ്പി ലഹിരി. ബോളിവുഡ് സിനിമയില്‍ ഡിസ്‌കോ സംഗീതത്തെ ജനകീയമാക്കിയതില്‍ ബപ്പി ലഹിരി സുപ്രധാന പങ്കാണ് വഹിച്ചത്. ചല്‍ത്തേ ചല്‍ത്തേ, ഡിസ്‌കോ ഡാന്‍സര്‍, തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ ഹിറ്റായിരുന്നു. 2020ല്‍ പുറത്തിറങ്ങിയ ബാഗി ത്രീയിലെ ഗാനമാണ് അദ്ദേഹത്തിന്റെ അവസാനത്തെ ബോളിവുഡ് ഗാനം.