കിലോ 50, ഉള്ളി 42.. കുതിച്ചുയര്‍ന്ന് വില

കണ്ണൂർ നഗരത്തിലെ പച്ചക്കറിക്കടയിൽനിന്ന്

   

കണ്ണൂർ: തക്കാളിയുടെയും ഉള്ളിയുടെയും വില കുതിക്കുന്നു. വിപണിയിൽ തക്കാളിക്ക് കിലോയ്ക്ക് 50 രൂപയായി. ഉള്ളി 42 രൂപയിൽ നിൽക്കുന്നു. പുണെയിൽ നിന്നും നാസിക്കിൽനിന്നും വരവ് കുറഞ്ഞതാണ് കാരണം. പയർ, ബീൻസ് തുടങ്ങിയ പച്ചക്കറികൾക്കും വില വർധിച്ചത് നവരാത്രികാലത്ത് തിരിച്ചടിയായി.


കിലോയ്ക്ക് 15-20 രൂപ ഉണ്ടായിരുന്ന ഉള്ളിക്ക് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ 48 രൂപ വരെ എത്തി. വ്യാഴാഴ്ച 40 രൂപയായിരുന്നു. കർണാടകയിൽനിന്നുള്ള ഉള്ളിക്ക് ആവശ്യക്കാർ കുറവാണ്. 30 രൂപയാണ് കിലോയ്ക്ക്. മഴ കാരണം പുണെയിൽ അടക്കം ഉള്ളിലഭ്യത കുറഞ്ഞതാണ് വിലകൂടാനുള്ള കാരണമായി മൊത്തക്കച്ചവടക്കാർ പറയുന്നത്. നാസിക്കിൽനിന്ന്‌ വരുന്ന തക്കാളിക്ക് കിലോയ്ക്ക് 50 രൂപയാണ് വില.


സമീപസംസ്ഥാനങ്ങളിലേക്ക് തക്കാളി അയക്കുന്നത് കൂടിയതിനാൽ കേരളത്തിലെ വരവിന് ക്ഷാമം നേരിട്ടു.


മംഗളൂരു, ഹാസൻ ഭാഗങ്ങളിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമാണ് ജില്ലയിൽ കൂടുതൽ പച്ചക്കറികൾ വിൽപ്പനയ്ക്കെത്തുന്നത്. പയറിനും ബീൻസിനും ക്ഷാമം ഉണ്ടെന്ന് വിൽപ്പനക്കാർ പറയുന്നു. 30 രൂപ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 60-70 രൂപയായി.